വരാനിരിക്കുന്ന ആ വലിയ ദുരന്തം...... ഒരു ഓർമ്മപ്പെടുത്തൽ
ജൂൺ പതിനഞ്ചോട് കൂടി രാജ്യം ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും. അതായത് കോവിഡിനൊപ്പം ജീവിക്കുക എന്ന നിലപാടിലേക്ക് രാജ്യം മാറും. ആവശ്യമില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്ന അന്യ സംസ്ഥാനക്കാരെ മാത്രമേ നമ്മുക്ക് തടയാൻ കഴിയൂ. അന്യസംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് വരുന്ന മലയാളികളെ നമ്മുക്ക് തടയാൻ കഴിയില്ല.
ജൂൺ പതിനഞ്ച് ആകുമ്പോഴേക്കും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കും. തമിഴ്നാടും മഹാരാഷ്ട്രയും ഗുജ്‌റാത്തും ഒക്കെ രോഗത്തിന്റെ മൂർദ്ധന്യത്തിൽ എത്തും. അന്യ സംസ്ഥാന മലയാളികളുടെയും പ്രവാസികളുടെയും തടസ്സമില്ലാത്ത വരവോടു കൂടി കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കും.
ജൂൺ ഇരുപതാം തിയതിയോട് കൂടി കേരളത്തിൽ മഴ ശക്തമാകും. വിവിധ ഏജൻസികളുടെ പ്രവചനം അനുസരിച്ച് ഈ കൊല്ലവും വെള്ളപ്പൊക്കത്തിന് സാധ്യത ഏറെയാണ്. കൂടെ പകർച്ച വ്യാധികളും കൂടി വന്നാലോ? ഒന്നും വരാതിരിക്കട്ടെ. പക്ഷെ വരും എന്ന ബോധത്തോടുകൂടി തന്നെ മുന്നോട്ട് നീങ്ങണം. ഇനി ഇതെല്ലാം ഒന്നിച്ച് വന്നാൽ എന്ത് ചെയ്യും? കൊറോണക്കാരെ സംരക്ഷിക്കാൻ പോകണോ..? അതോ വെള്ളപ്പൊക്കക്കാരെ രക്ഷിക്കാൻ പോകണോ…? അതോ പകർച്ചവ്യാധിക്കാരെ ചികിൽസിക്കാൻ പോകണോ..?
ഇതിനെല്ലാം സർക്കാരിന്റെ കയ്യിൽ പണമെവിടെ? ജനങ്ങൾ ഒരു രൂപ സഹായിക്കില്ല. കാരണം അവരുടെ കയ്യിൽ ഒന്നുമില്ല. ലോകത്താരും സഹായിക്കില്ല. കാരണം അവരും തകർന്നു നിൽക്കുകയാണ്. പ്രവാസികളുടെ പണം വരാനില്ല. കാരണം പകുതിയോളം പേരുടെ പണിപോയി നിൽക്കുകയാണ്. പണിയുള്ളവരുടെ ശമ്പളമോ കടത്തിലുമാണ്. ഇവിടെ നമ്മൾ ഓരോ വ്യക്തിയും സ്വയം പര്യാപ്തനാകണം. ഓരോ വ്യക്തിയും സ്വയം പ്രധിരോധത്തിലേക്ക് കടക്കണം. നമ്മൾക്ക് നമ്മൾ മാത്രമേ ഒള്ളൂ എന്ന ചിന്തയിലേക്ക് കടക്കണം. അല്ലാതെ വേറെ വഴിയില്ല.
മഴക്ക് മുന്നോടിയായി സർക്കാർ കഴിയുന്നത്ര ചാലുകളും ഓടകളും തോടുകളും വൃത്തിയാക്കണം. പരിമിതമായ ദിവസങ്ങളെ ഇനി ബാക്കിയുള്ളൂ. ഓരോ ജില്ലകളിലും ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് വെക്കണം. രണ്ട് തവണ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിലെ ജനങ്ങൾ ഒന്ന് ബോധവാന്മാരാകണം. അത്യാവശ്യ സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. കഴിയുന്നത്ര ആളുകൾ സുരക്ഷിതമായി മാറാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ട് വെക്കണം.
കൊറോണ കാലമാണ് കൂട്ടത്തോടെയുള്ള രക്ഷാ പ്രവർത്തനമോ മാറ്റിപാർപ്പിക്കലോ നടക്കില്ല. താഴത്തെ നിലയിൽ വെള്ളം കയറുന്നവർ ഉണ്ടെങ്കിൽ ടെറസിന്റെ മുകളിൽ ടാർപ്പാ വലിച്ച് കെട്ടിയോ ഷീറ്റ് ഇട്ടോ താൽക്കാലിക വാസസ്ഥലവും ഭക്ഷണ സൗകര്യവും ഒരുക്കണം. കൊറോണയും പ്രളയവും പകർച്ചവ്യാധിയും കൂടി ഒരുമിച്ച് വന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.
Stay Safe, Stay Home, Stay Secure, Use Mask.
Comments
Post a Comment